7-November-2023 -
By. Business Desk
കൊച്ചി: കേരളത്തിന്റെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ട് ഫിക്കിയുടെ നേതൃത്വത്തില്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം നാളെ തുടങ്ങും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഡോ.ശശി തരൂര്‍ എം.പി അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തും. ബ്രിട്ടീഷ് ഡെപ്യുട്ടി ഹൈക്കമ്മീഷണര്‍ ഹര്‍ജിന്ദര്‍ കാങ് മുഖ്യാതിഥിയാകും. ഫിക്കി ചെയര്‍മാനും കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് സിഎംഡിയുമായ ഡോ.എം.ഐ സഹദുള്ള, ഫിക്കി കോ ചെയറും മണപ്പുറം ഗ്രൂപ്പ് എം ഡിയുമായ വി.പി നന്ദകുമാര്‍, നടന് സിജോയ് വര്‍ഗീസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ ഏഷ്യ ഹെല്‍ത്ത്കെയര്‍ ഹോള്‍ഡിംഗ്സ് എക്സിക്യൂട്ടീവ് ചെയര്മാന് വിശാല്‍ ബലി, ഫെഡറല്‍ ബാങ്ക് എം ഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്, കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ എ.കെ സുഭാഷ്, ക്രിസ് ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലരയ്ക്ക് എന്റയര്ടെയ്ന്മെന്റ്സ് ആന്‍ഡ് സ്പോര്‍ട്ട്സ് മേഖലയെ കുറിച്ച നടക്കുന്ന സെഷനില്‍ ഡോ.ശശി തരൂര്‍, കമല്‍ ഹാസന്, താരങ്ങളായ നിക്കി ഗല്‍റാണി, സിദ്ധാര്‍ഥ് സൂര്യനാരായണന് എന്നിവര്‍ പങ്കെടുക്കും. വിങ് കമാണ്ടര്‍ രാഗശ്രീ ഡി നായര്‍ മോഡറേറ്ററാകും. വൈകിട്ട് ആറിന് ശോഭനയുടെ ലോട്ടസ് ഫീറ്റ് എന്ന നൃത്തപരിപാടി നടക്കും.രണ്ടാം ദിനത്തില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ ടി.പി ശ്രീനിവാസന്, സൂര്യ കൃഷ്ണമൂര്‍ത്തി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സി ഇ ഒ അനൂപ് അംബിക, കെ എസ് ഐ ഡി സി ചെയര്മാന് പോള്‍ ആന്റണി, കേന്ദ്ര ടൂറിസം വകുപ്പ് മുന്‍ സെക്രട്ടറി വിനോദ് സുത്ഷി, ഡോ. അമിതാഭ് ശരണ്‍, ബി.സന്ധ്യ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മ്ദ് ഖാന് മുഖ്യാതിഥിയാകും. ഫിക്കി മെയ്ഡ് ഇന്‍ കേരള അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിക്കും. ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. എം.ജി രാജമാണിക്യം കൊച്ചി പ്രഖ്യാപനം നടത്തും. സമ്മേളന റിപ്പോര്‍ട്ട് ഗവര്‍ണറില്‍ നിന്ന് എ.പി.എം മുഹമ്മദ് ഹനീഷ് ഏറ്റുവാങ്ങും.